2013, ജൂലൈ 22, തിങ്കളാഴ്‌ച

ക്രൂരതകള്‍ അവസാനിക്കുന്നില്ല

    
മൃഗീയവാസന മനുഷ്യനെ മൃഗത്തെക്കാളും അധപ്പതിപ്പിച്ചിരിക്കുന്നു.
  രാഷ്ട്രീയ വൈര്യവും,മത വൈര്യവുമൊക്കെ ചോരക്കളം തീര്‍ക്കാന്‍ മനുഷ്യനെ പാകപ്പെടുത്തിയിട്ട് കാലം കുറെയായിരിക്കുന്നു .
  എന്നാല്‍ മുമ്പെങ്ങും കേട്ടുകേള്‍വി ഇല്ലാത്തവിധം പിഞ്ചു കുട്ടികളോട്,അതും സ്വന്തം ചോരയില്‍ ജനിച്ച ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ,രക്ഷകരായ രക്ഷിതാക്കള്‍ തന്നെ സംഹാര താണ്ഡവമാടുന്നത് ദൈവത്തിന്റ് സ്വന്തം നാടെന്ന്‍ നാം കൊട്ടി ഘോഷിക്കുന്ന കൊച്ചു കേരളത്തിലാണ്.
  ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്ന വാര്‍ത്തകളാണ്.
  ഓരോ ദിവസങ്ങളിലും കേള്‍ക്കുന്നത് ഇനി ഒരിക്കലും കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന വാര്‍ത്തകളാണ്.
 വീണ്ടും വീണ്ടും കേള്‍ക്കുന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ് .
 എങ്ങിനെയാണ് സ്വന്തം മക്കളെ വളര്ത്തുന്നതെന്ന്‍ ചോദിച്ചാല്‍ ഏതൊരുവനും പറയുന്ന ഒരു വാചകമുണ്ട് അത് എന്റെ മകനെ അല്ലെങ്കില്‍ മകളെ നിലത്ത് വെച്ചാല്‍ ഉറുമ്പരിക്കും,തലയില്‍ വെച്ചാല്‍ പേനരിക്കും എന്ന രീതിയില്‍ ശ്രദ്ധയോടെയാണ് ഞാന്‍ എന്റെ മക്കളെ വളര്ത്തുന്നതെന്നാണ്.
  എന്നിട്ടുമെന്തേ ..നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ നരബലി കൊടുത്തത് ?
 എന്നിട്ടുമെന്തേ നിങ്ങള്‍ അവരുടെ പച്ച മാംസത്തില്‍ ചട്ടുകം പഴുപ്പിച്ചു വെച്ചത് ?
  അല്ലെങ്കില്‍ എന്തിനായിരുന്നു അവരെ അടിച്ചും ചവുട്ടിയും കൊന്നുകളഞ്ഞത് ?
  പാതിരാവില്‍ ബൈക്കില്‍ കയറ്റി വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയത് ?
  ഒരു ശ്വാസത്തിന്റെ വില എന്തെ നിനക്കറിയാതെ പോയത് ?
 നാം ജീവിക്കുന്ന ലോകത്ത് ലക്ഷക്കണക്കിന് ദമ്പതിമാര്‍ ഒരു കുഞ്ഞിക്കാലു കാണാനായി നേര്‍ച്ചകള്‍ നേരുന്നു.ഉരുളികള്‍ കമഴ്ത്തുന്നു.
 ആശുപത്രികളില്‍ നിന്നും ആസുപത്രികളിലെക്ക് ഊണും ഉറക്കവും ഇല്ലാതെ ഓടി നടക്കുന്നു .മറുഭാഗത്ത് ദൈവം കനിഞ്ഞു നല്‍കിയ പൊന്നോമനകളെ നിഗ്രഹിക്കുന്നു.
 എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളാണോ നിങ്ങളുടെ പ്രയാണങ്ങള്‍ക്ക് തടസ്സം ?
സ്നേഹം.അത് നല്‍കിയാല്‍ വാരിക്കോരി തിരിച്ചുകിട്ടുന്നതാണ്.
  കളങ്കമില്ലാത്ത കുരുന്നുകളെ സ്നേഹിച്ചാല്‍ തിരിച്ചു കിട്ടുന്നത് ഒരംശം പോലും കളങ്കമില്ലാത്ത സ്നേഹം തന്നെ .     
 ഞങ്ങള്‍ പ്രവാസികള്‍ കൊതിക്കുന്നതും ഞങ്ങള്‍ക്ക് കിട്ടാതെ പോകുന്നതുമാണ് സ്വന്തം മക്കളുടെ കുരുന്ന്‍ പ്രായത്തിലെ സ്നേഹം.
 എങ്കിലും ഞങ്ങള്‍ മനസ്സിലാക്കുന്നു, വളരെ ചുരുങ്ങിയ ദിവസത്തെ ഞങ്ങളുടെ അവധി ദിവസങ്ങള്‍, അത് ധന്യമാക്കുന്നത് ഞങ്ങളുടെ പോന്നോമാനകളാണെണ്.
 അവരെ പിരിഞ്ഞു പ്രവാസത്തിലെക്കുള്ള മടക്ക യാത്രയില്‍ ഞങ്ങളെ നോമ്പരപ്പെടുത്തുന്നതും ഞങ്ങളുടെ പൊന്നോമനകള്‍ തന്നെ.
 തളിര്‍വാഴഇല പോലെ ലോലമാണ് കൊച്ച്ച്ചുകുട്ടികളുടെ മനസ്സ്.
 പരുഷമായുള്ള പെരുമാറ്റം കൊണ്ട് ഒരു കുഞ്ഞിനേയും വളര്‍ത്തി വലുതാക്കരുത്.അങ്ങിനെ വളരുന്ന കുട്ടികളില്‍ അക്രമ വാസനുടെ ലാഞ്ജനയുണ്ടാകാനിടയുണ്ട്.
 സ്നേഹം ആവോളം ആസ്വദിച്ച് വളരുന്ന ഒരു തലമുറ നല്ലത് മാത്രമേ ചിന്തിക്കുകയുള്ളൂ,
നല്ലത് മാത്രമേ പ്രവര്ത്തിക്കുകയുള്ളൂ.
 നമ്മുടെ മക്കളെ നമുക്ക് സ്നേഹിക്കാം. ഒപ്പം അന്യന്‍റെ മക്കളെയും സ്നേഹത്തോടെ വീക്ഷിക്കാം .കുരുന്നുകളോട് വീരതത്വം വേണ്ട.
 അവര്‍ ജീവിക്കട്ടെ.
ഈ ലോകത്ത് അവര്‍ക്ക് പലതുമാകാനുള്ളതാണ്.  
 അവരുടെ ജീവിക്കാനുള്ള അവകാശത്തെ തല്ലിതകരക്കേണ്ടതില്ല.
അല്ലെങ്കില്‍ അവരെ തള്ളി കൊല്ലെണ്ടതില്ല .
 ചാച്ചാ നെഹ്രുവിനെപ്പോലെ,അബ്ദുല്‍ കലാമിനെപ്പോലെ നമുക്കും കൊച്ചു കുട്ടികളുടെ കളിത്തോഴന്മാരാകാം. .
ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കാം.